Friday, December 11, 2009

ആള്‍ ദൈവങ്ങള്‍ ഉണ്ടാകുന്നത്‌

മൂലധനത്തിന്റെ പ്രലോഭനീയമായ നവപ്രത്യയശാസ്ത്രത്തിന്റെ തുറന്ന വാഹനത്തില്‍ പുറം തിരിഞ്ഞുനിന്ന് പട്ടിണിക്കാരനും ഭൂരഹിതനും പീഡിതനും സ്വപ്നത്തിന്റെയും നീതിമോഹത്തിന്റെയും ഒഴിഞ്ഞ പാനപാത്രങ്ങള്‍ വച്ചുനീട്ടിയ സഖാവിനെ അവര്‍ രക്ഷകന്റെ കുപ്പായവും കിരീടവുമണിയിച്ചു.
വാഗ്ദാനങ്ങളുടെ ദൈവം.
ഈ ദൈവത്തിന്‌ ഒഴിഞ്ഞ പാനപാത്രങ്ങള്‍ നിറയ്ക്കാനുള്ള സിദ്ധിയില്ലെന്നും നിറഞ്ഞ പാനപാത്രങ്ങള്‍ തങ്ങളുടെ കൈകളിലാണെന്നും അവ തട്ടിയെടുത്ത്‌ അച്ചടക്കത്തിന്റെ അറയില്‍ സൂക്ഷിച്ചവര്‍ ആവര്‍ത്തിച്ചിട്ടും ജനങ്ങള്‍ സഖാവില്‍ നിന്ന് പിരിയാന്‍ കൂട്ടാക്കാതിരുന്നതിനാല്‍ -
നേതാവിന്‌ പാകത്തിലുള്ള ചങ്ങല തീര്‍ക്കുന്നതിരക്കിലായി പാര്‍ട്ടി.
ചങ്ങല പൊട്ടിച്ച സഖാവിന്റെ മണ്ണുമാന്തികള്‍ പാര്‍ട്ടിയുടെ അന്നദാദാക്കളായ ചില വിശുദ്ധ പശുക്കളെ തോണ്ടിയപ്പോള്‍ -
പാര്‍ട്ടി ബുദ്ധിജീവി നിര്‍ദ്ദേശാനുസരണം പേന കൈയ്യിലെടുത്തു.
നേതാവിനെ ആള്‍ദൈവമാക്കി.
ആള്‍ദൈവങ്ങള്‍ ഉണ്ടാകുന്നതെങ്ങനെയെന്ന് അയാള്‍ നവമൂലധന ബുദ്ധിയുടെ പൂപ്പലും വഴുക്കലുമുള്ള വക്രമലയാളത്തില്‍ എഴുതി പത്രത്തിലച്ചടിപ്പിച്ചു.
വൈതാളികര്‍ ആര്‍ത്തു.
വായിച്ചവര്‍ക്ക്‌ പാര്‍ട്ടിയില്‍ ആള്‍ദൈവങ്ങള്‍ എങ്ങനെയുണ്ടാകുന്നു എന്നുമാത്രം മനസ്സിലായില്ല.
ഒരു വ്യാജ ബുദ്ധിജീവി എങ്ങനെ ഒറ്റുകാരനായിത്തീരുന്നു എന്നുമാത്രം മനസ്സിലായി.
ചായക്കട തിണ്ണയിലിരുന്ന് കട്ടന്‍ ചായയ്ക്കൊപ്പം പത്രം വായിച്ച ഒരു നിസ്വന്‍,ബുദ്ധിജീവിയുടെ സങ്കീര്‍ണ്ണ ലിഖിതം മനസ്സിലാകാത്തതിനാല്‍ തന്റെ ചെറുബുദ്ധികൊണ്ട്‌ ലളിതമായി അത്‌ ഇങ്ങനെ പൂരിപ്പിച്ചു:
"പാര്‍ട്ടി ഒറ്റുകാരുടെ കൂടാരമാകുമ്പോള്‍ അവശേഷിക്കുന്നവര്‍ ആള്‍ ദൈവങ്ങളാകുന്നു."